ഐതിഹ്യം

ശക്തിയുടെ വിവിധ ഭാവങ്ങളെ അതിപുരാതനകാലം മുതല്‍ തന്നെ ഭാരതീയര്‍ ആരാധിച്ചിരുന്നു. ദേവിക്ക് പഞ്ചരൂപങ്ങളാണ് ഉള്ളത്. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവരാണ് പഞ്ചദേവിമാര്‍. ഇതില്‍ ദുര്‍ഗ്ഗാദേവി എല്ലാ ശക്തികളുടെയും മൂര്‍ത്തിമ ഭാവമായ ശക്തിസ്വരൂപിണിയാണ്. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ദുര്‍ഗ്ഗാദേവിയെ ആരാധിക്കാറുണ്ട്. സരസ്വതി, ലക്ഷ്മി, പാര്‍വ്വതി തുടങ്ങിയവരെല്ലാം ദേവിയുടെ ശാന്തഭാവങ്ങളാണ്. ഭദ്രകാളി, ചണ്ഡിക തുടങ്ങിയവ രൗദ്രഭാവങ്ങളും. ഈ ദേവതകളെയെല്ലാം പൊതുവേ ഭഗവതി എന്ന പേരില്‍ കേരളീയര്‍ ആരാധിച്ചുവരുന്നു.

പ്രകൃതിദേവി

പ്രകൃതിതന്നെ ദേവി. പ്രകൃതിതന്നെ മഹാമായ. സത്വരജസ്തമോഗുണങ്ങള്‍ പ്രകൃതിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രകൃതിയെ ത്രിഗുണാത്മിക എന്നും വിളിക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സര്‍വ്വ ചരാചരങ്ങളും ചേര്‍ന്നതാണ് പ്രകൃതി. നിരന്തരമായ ചലനത്തില്‍ അല്ലെങ്കില്‍ സ്പന്ദനങ്ങളില്‍ അധിഷ്ഠിതമായ ഈ ശക്തിയെ ദേവീസങ്കല്പത്തിലൂടെ പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് പുരാണ കര്‍ത്താക്കളായ ഋഷിമാര്‍ ചെയ്തത്. ഇതില്‍ സത്വഗുണ പ്രധാനിയായ സരസ്വതിയും രജോഗുണപ്രധാനിയായ ലക്ഷ്മീദേവിയും തമോഗുണപ്രധാനിയായ ഭദ്രകാളിയും ഉള്‍പ്പെടുന്നു.

ഗുണത്രയം

പ്രകൃതിയിലുള്ള സര്‍വ്വത്തിലും ഈ മൂന്ന് ഗുണങ്ങള്‍ വിവിധ അനുപാതത്തില്‍ ചേര്‍ന്നിരിക്കുന്നു. ഈ ഗുണങ്ങളുടെ സ്വാധീനമാണ് മനുഷ്യനില്‍ അഹങ്കാരം അഥവാ 'ദേഹമാണ് ഞാന്‍' എന്ന ഭാവം സൃഷ്ടിക്കുന്നത്. ഓരോരുത്തരുടെ അഭിരുചിയും വ്യക്തിത്വവും വ്യത്യസ്തമായിരിക്കുന്നത് അതുകൊണ്ടാണ്. നാശരഹിതമായ ആത്മാവ് ഈ ഗുണങ്ങളാല്‍ ആവരണം​ ചെയ്യപ്പെട്ടിരിക്കുന്നു. ഗുണങ്ങളുടെ സ്വാധീനം മനുഷ്യനിലെ ദിവ്യഭാവം മറച്ചു കളയുന്നു. അദൃശ്യമായ ഈ ചരടുകള്‍ നമ്മെ ഏതു പ്രകാരത്തില്‍ ബന്ധിക്കുന്നുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ആവരണ​-മറ നീക്കാന്‍ കഴിഞ്ഞാല്‍ സച്ചിദാനന്ദസ്വരൂപമായ ആത്മാവ് നമുക്ക് തെളിഞ്ഞുകിട്ടും. അതിനാല്‍ മനുഷ്യന്‍ ഈ ഗുണത്രയങ്ങളെ അതിക്രമിച്ച് പോകേണ്ടതുണ്ട്.

മനുഷ്യരുടെ കാര്യമെടുത്താല്‍ ചിലരില്‍ സത്വഗുണം​ മുന്നിട്ടുനില്‍ക്കും. അവരില്‍ രജോഗുണം, തമോഗുണം എന്നിവയുടെ തോത് കുറവായിരിക്കും. ഇങ്ങനെയുള്ളവരാണ് സാത്വികര്‍. ഇത്തരക്കാരില്‍ "എന്‍റെത്," "ഞാന്‍" എന്നും മറ്റും ഉള്ള ഭാവങ്ങള്‍ തുലോം കുറഞ്ഞിരിക്കും. മനസ്സ് ഈശ്വരാര്‍പ്പിതമാക്കാനും പ്രപഞ്ചസത്യം ഗ്രഹിക്കാനുമുള്ള ത്വര ഇവരില്‍ കൂടിയിരിക്കും.

രജോഗുണപ്രധാനികളില്‍ തൃഷ്ണയും സംഗവും മുന്നിട്ടു നില്‍ക്കുന്നു. ഭൗതികവും ഇന്ദ്രിയപരവുമായ സുഖങ്ങള്‍ എപ്പോഴും സ്വായത്തമാക്കണമെന്നാണ് ഇവരുടെ ചിന്ത. അതിനുവേണ്ടി ഒടുങ്ങാത്ത കര്‍മ്മങ്ങളില്‍ അവര്‍ മുഴുകുന്നു. രജോഗുണപ്രധാനി ജീവിതാന്ത്യംവരെ ആഗ്രഹസാഫല്യത്തിനുവേണ്ടിയുള്ള കര്‍മ്മങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടുഴലുന്നു. തമോഗുണപ്രധാനികളാവട്ടെ അജ്ഞാനത്തില്‍ നിന്നുളവാകുന്ന അലസത, നിദ്ര എന്നിവയെല്ലാം കൊണ്ട് ജീവനെ ബന്ധിച്ചിരിക്കുന്നു.

ഈ മൂന്ന് വിഭാഗങ്ങള്‍ക്കും സാധനയിലൂടെ ഉയരാന്‍ തക്കവണ്ണുമുള്ള ആരാധനാസമ്പ്രദായങ്ങളും നമ്മുടെ പൂര്‍വ്വികര്‍ വിഭാവനം ചെയ്തുവെച്ചിരിക്കുന്നു. തമോഗുണത്തില്‍ നിന്ന് രജോഗുണത്തിലേക്കും, രജോഗുണത്തില്‍ നിന്ന് സത്വഗുണത്തിലേക്കും ഉയര്‍ന്ന് ഒടുവില്‍ ഈ മൂന്നും ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ ഈശ്വരപ്രാപ്തി കൈവരിക്കാനാകൂ.

കണ്ണാടിബിംബം ശ്രേഷ്ഠം

കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ പലതരത്തിലുള്ളതാണ്. കാവുകളിലും മറ്റും പീഠം, വാള്‍, ചിലമ്പ് മുതലായവയെല്ലാം പ്രതിഷ്ഠിച്ചുകാണാറുണ്ട്. ക്ഷേത്രങ്ങളില്‍ രൂപവിഗ്രഹങ്ങളും കണ്ണാടിബിംബവും കാണാം. ഈ ക്ഷേത്രത്തിലെ രണ്ടു ശ്രീകോവിലുകളിലും കണ്ണാടിബിംബ പ്രതിഷ്ഠയാണ്. രൂപബിംബങ്ങളേക്കാള്‍ കണ്ണാടിബിംബത്തിന് പ്രതീകാത്മകത കൂടുതലാണ്. ഒരു വാല്‍കണ്ണാടിയുടെ രൂപത്തിലുള്ള വിഗ്രഹത്തിനു ചുറ്റും പ്രഭാവലയവും മറ്റും ഉണ്ടായിരിരിക്കും. സാധാരണയായി നാം ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്കുചുറ്റുമുള്ള പ്രപഞ്ചത്തെയും അതില്‍ നമ്മെത്തന്നെയും കാണുന്നു. വിഗ്രഹത്തിനു മുമ്പില്‍ കൈകൂപ്പി നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ നാം നമിക്കുന്നത് ഈ പ്രപഞ്ചം മുഴുവനും, സര്‍വ്വചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ദേവീചൈതന്യത്തെയാണ്. എല്ലാത്തിനും ഉപരി അവനവനെത്തന്നെയാണ്. ഇതാണ് കണ്ണാടിബിംബത്തിന്‍റെ തത്ത്വം.

ഐതിഹ്യം

ശക്തിയുടെ വിവിധ ഭാവങ്ങളെ അതിപുരാതനകാലം മുതല്‍ തന്നെ ഭാരതീയര്‍ ആരാധിച്ചിരുന്നു. ദേവിക്ക് പഞ്ചരൂപങ്ങളാണ് ഉള്ളത്. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവരാണ് പഞ്ചദേവിമാര്‍. ഇതില്‍ ദുര്‍ഗ്ഗാദേവി എല്ലാ ശക്തികളുടെയും മൂര്‍ത്തിമ ഭാവമായ ശക്തിസ്വരൂപിണിയാണ്. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ദുര്‍ഗ്ഗാദേവിയെ ആരാധിക്കാറുണ്ട്. സരസ്വതി, ലക്ഷ്മി, പാര്‍വ്വതി തുടങ്ങിയവരെല്ലാം ദേവിയുടെ ശാന്തഭാവങ്ങളാണ്. ഭദ്രകാളി, ചണ്ക തുടങ്ങിയവ രൗദ്രഭാവങ്ങളും. ഈ ദേവതകളെയെല്ലാം പൊതുവേ ഭഗവതി എന്ന പേരില്‍ കേരളീയര്‍ ആരാധിച്ചുവരുന്നു.

പൂര്‍വ്വകാലം

വളരെക്കാലം മുന്‍പ് ഈ പ്രദേശം ആത്മാന്വേഷികളായ ഋഷിവര്യന്മാരുടെ സങ്കേതമായിരുന്നു എന്നുവേണം​ അനുമാനിക്കാന്‍, താപസശ്രേഷ്ഠന്മാര്‍ ഇവിടെ യാഗം, യജ്ഞം, വേദാദ്ധ്യായനം എന്നിവ നടത്തുകയും ധ്യാനനിരതരായി തപസ്സനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നു കരുതപ്പെടുന്നു.

കാലഗതിയില്‍ ഈ സംസ്കൃതിക്ക് ലോപം വന്ന് ഇവരുടെ പരമ്പരകളായ ഒരു ബ്രാഹ്മണസമൂഹം ഉടലെടുത്തു. ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തുള്ള പറമ്പില്‍ മുന്‍പ് മണിക്കിയില്‍ ഇല്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു എന്നതിന് ഒരു തലമുറ മുന്‍പ് വരെ ഉള്ളവര്‍ സാക്ഷികളാണ്. പഴയ ഇല്ലത്തിന്‍റെ അവശിഷ്ടങ്ങള്‍, കിണര്‍ മുതലായവ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു. ഇത്തരത്തില്‍ ഒട്ടേറെ നമ്പൂതിരി കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു എന്നതിന് ഇവിടത്തെ സ്ഥലനാമങ്ങള്‍ തന്നെ (മഠം, മഠത്തില്‍, മനക്കല്‍, മേല്‍പ്പള്ളി, ഇടവലത്ത്) ഉദാഹരണങ്ങളാണ്. ഈ നമ്പൂതിരി കുടുംബങ്ങള്‍ അവരുടെ ഉപാസനാമൂര്‍ത്തിയായ ഭഗവതിയെ ഗ്രാമമദ്ധ്യത്തില്‍ ഉത്തമസ്ഥലത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. പില്‍ക്കാലത്ത് ദേവീനിയോഗമെന്നതുപോലെ ഈ നമ്പൂതിരികുടുംബങ്ങള്‍ ഇവിടെ നിന്ന് പാലായനം ചെയ്യുകയും അക്കാലത്തെ ഒരു പ്രഭുലതറവാടായ ഇടവലത്ത് തറവാട്ടുകാരില്‍ ക്ഷേത്രഭരണം നിക്ഷിപ്തമാവുകയും ചെയ്തു.

പുനരുദ്ധാരണം

ഒരു ഗ്രാമത്തിന്‍റെ ഐശ്വര്യത്തിനും സംസ്കാരിക ഉന്നമനത്തിനും അഭിവൃദ്ധിക്കും ഒരു ദേവീക്ഷേത്രത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട മേല്‍ തറവാട്ടുകാരും സമീപസ്ഥരായ നാട്ടുകാരും ചേര്‍ന്ന് കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രം നവീകരിക്കാന്‍ നിശ്ചയിച്ചു. 2003 ജൂണ്‍ മാസം കാടാച്ചിറ ഗിരീശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അഷ്ടമംഗല്ല്യപ്രശ്നം നടത്തി ക്ഷേത്രപുനരുദ്ധാരണത്തിന് തുടക്കംകുറിച്ചു. ക്ഷേത്രസ്ഥലം സന്ദര്‍ശിച്ച് പ്ലാന്‍ തയ്യാറാക്കിയത് ശ്രീ. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ്. ബ്രഹ്മശ്രീ വെള്ളൂരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രതന്ത്രി. പുനര്‍നിര്‍മ്മാണത്തിലെ പ്രധാന നാഴികക്കല്ലൂകള്‍ താഴെ പറയുന്നു.

  • 2003 ജൂണ്‍ 28 അഷ്ടമംഗല്യപ്രശ്നം ശ്രീ ഗിരീശന്‍ മാസ്റ്റര്‍ കാടാച്ചിറ
  • 2004 ആഗസ്റ്റ് 21 നാഗസ്ഥാനത്ത് കുറ്റിയടിക്കല്‍ ശ്രീ ഒളവറ കുഞ്ഞുരാമന്‍ മേലാചാരി
  • നാഗപ്രതിഷ്ഠ 2004 സെപ്തംബര്‍ 13 ന് - പാമ്പൂമേയ്ക്കാട് തന്ത്രികള്‍
  • 2005 ജൂലൈ 13 ബാലാലയ പ്രതിഷ്ഠ
  • ഭദ്രകാളി, പെരുമ്പേശന്‍ തറ നിര്‍മ്മാണവും പ്രതിഷ്ഠയും 2005 നവംബര്‍ - ക്ഷേത്രം തന്ത്രി
  • ശ്രീകോവിലുകളുടെ കുറ്റിയടിക്കല്‍ കര്‍മ്മം 2005 ആസറ്റ് 28 - ശ്രീ ഒളവറ കുഞ്ഞുരാമന്‍ മേലാശാരി
  • ഷഡാധാര പ്രതിഷ്ഠ 2006 ജനുവരി 11- ക്ഷേത്രം തന്ത്രി
  • ശ്രീകോവിലുകളുടെ കട്ടിലവെപ്പ് കര്‍മ്മം 2006 മാര്‍ച്ച് 17 - മക്രേരി രാഘവന്‍ ആശാരി
  • 2006 ആഗസ്റ്റ് 24 ശ്രീകോവില്‍ കെട്ടുകയറ്റര്‍ കര്‍മ്മം
  • 2007 ഫെബ്രുവരി 13 നാലമ്പലം കുറ്റിയടിക്കല്‍
  • 2010 ശാന്തിമഠം നിര്‍മ്മാണം
  • 2012 നടപ്പന്തല്‍ നിര്‍മ്മാണം​
  • 2013 മെയ് 20 വലിയ ബലിക്കല്‍ പ്രതിഷ്ഠ
  • പ്രതിഷ്ഠാബ്രഹ്മകലശ മഹോത്സവം 2007 ജൂണ്‍ മാസം 12 മുതല്‍ 20 വരെ നടന്നു.

ഒരു മഹാക്ഷേത്രത്തിന്‍റെ ഘടനയില്‍ എല്ലാവിധ അവയവ ഭംഗികളോടും കൂടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് ശ്രീകോവിലുകള്‍, നമസ്കാരമണ്ഡപങ്ങള്‍, ചുറ്റമ്പലം, വലിയബലിക്കല്‍ പ്രതിഷ്ഠ, തിടപ്പള്ളി എന്നിവ ഇതിനോടകം പൂര്‍ത്തിയായി. പുറത്തെ ചുറ്റുമതില്‍ നിര്‍മ്മാണം​ ആരംഭിച്ചു. വിളക്കുമാടം, ധ്വജസ്ഥംഭം, ക്ഷേത്രക്കുളം, ഊട്ടുപുര, ചുറ്റുമതില്‍ പൂര്‍ത്തീകരിക്കല്‍ എന്നിവയാണ് ശേഷിക്കുന്ന പ്രവൃത്തികള്‍.

എല്ലാ ആപല്‍ഘട്ടങ്ങളിലും തുണയും വഴികാട്ടിയുമായി നിന്ന ശ്രീ മണിക്കിയില്‍ ഭഗവതിയുടെ കൃപാകടാക്ഷം ഇതിനുള്ള പ്രവൃത്തികളിലും പ്രചോദനമായി വര്‍ത്തിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്...

ഏതൊരു ദേവിയാണോ സര്‍വ്വഭൂതങ്ങളിലും ശക്തി, ബുദ്ധി, സൃഷ്ടി, സ്ഥിതി, ധൃതി, സിദ്ധി, ഭ‌യ, മേധാ രൂപങ്ങളില്‍ സ്ഥിതിചെയ്യുന്നത് അല്ലയോ ദേവീ, നാരായണീ, ഭഗവതിക്ക് നമസ്കാരം.

അമ്മേ ശരണം